മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളിയെ യും -ചെമ്പ് പഞ്ചായത്തിലെ മൂലേക്കടവിനെയും ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന മുലേക്കടവ് പാലത്തിന്റെ സമീപ റോഡിന്റെ ഡിസൈനിൽ മാറ്റംവരുത്തുന്നു.
പാലം പൂർത്തിയായതിനു ശേഷം പ്രധാന നിരത്തുമായി ബന്ധിപ്പിച്ച് സമീപറോഡ് നിർമിക്കുന്നതിനായി ലാൻഡ് സ്പാൻ നിർമിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ചതുപ്പായ പ്രദേശത്തെ നിർമാണം കൂടുതൽ ഉറപ്പോടെയല്ലെങ്കിൽ ഭാവിയിൽ ബലക്ഷയം സംഭവിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസൈനിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
കിഫ്ബിയിൽനിന്ന് അനുവദിച്ച 25 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. 210 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയുണ്ട്. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ സമീപ റോഡിനായി 19 ഭൂഉടമകളിൽനിന്ന് സ്ഥലമേറ്റെടുത്ത് രേഖകൾ ഹാജരാക്കിയവർക്ക് തുക നൽകിയതായി കിഫ്ബി ലാൻഡ് അക്വിസിഷൻ തഹസിൽദാർ പ്രശാന്ത് പറഞ്ഞു.
ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടരുന്ന ഏനാദിയിലെ ജനങ്ങൾക്ക് പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതസൗകര്യം വർധിക്കും. അര നൂറ്റാണ്ടിലധികമായി ഏനാദിനി വാസികൾ മൂലേക്കടവ് പാലത്തിനായി ആവശ്യമുന്നയിച്ചുവരികയായിരുന്നു.
വർഷങ്ങളോളം ചങ്ങാടസർവീസാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നിട് ചങ്ങാടം നിലച്ചതോടെ ഇവിടത്തുകാർ പുറംലോകത്തെത്താൻ കടത്തുവള്ളത്തെ ആശ്രയിച്ചു.ചെമ്പ് - മറവൻതുരുത്ത് പഞ്ചായത്തുകൾ സംയുക്തമായാണ് കടത്തു നടത്തുന്നത്. സാധാരണ തൊഴിലാളികളും ഇടത്തരക്കാരും താമസിക്കുന്ന ഏനാദിയുടെ വികസനത്തിനു സഹായകരമായ പാലം യാഥാർഥ്യമായതോടെ ഏനാദിനിവാസികൾ വലിയ ആഹ്ലാദത്തിലാണ്.
സമീപറോഡ് യാഥാർഥ്യമായി പാലം ഗതാഗതത്തിനു സമർപ്പിക്കുന്നതോടെ തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾക്ക് മൂലേക്കടവ് പാലത്തിലൂടെ ബ്രഹ്മമംഗലത്തെത്തി അരയൻകാവ് വഴി എറണാകുളത്തേക്കു പോകാനാകും.
ഗതാഗതക്കുരുക്കിൽനിന്ന് ഒഴിഞ്ഞ് കിലോമീറ്ററുകൾ ലാഭിക്കാവുന്ന ഒരു എളുപ്പമാർഗമായി ഈ പാലവും പാതയും മാറുന്നതോടെ ചെമ്പ് പഞ്ചായത്തിലെ അവികസിത പ്രദേശമായി തുടർന്നിരുന്ന ഏനാദിയുടെ വികസനത്തിനും ആക്കംകൂടും.
ഡിസൈൻ അംഗീകാരം നവംബർ ആദ്യം
ലാൻഡ് സ്പാനിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് മണ്ണിന്റെ ഘടന ഉറപ്പില്ലാത്തതാണെന്ന് കണ്ടെത്തുന്നത്. നിർമാണം കുറ്റമറ്റതാക്കാൻ ഡിസൈനിൽ മാറ്റം വരുത്തണമെന്ന വിദഗ്ധ അഭിപ്രായം കണക്കിലെടുത്താണ് ഡിസൈനിൽ മാറ്റംവരുത്തിയത്. പുതിയ ഡിസൈൻ കിഫ്ബി അധികൃതർക്കു സമർപ്പിച്ചിട്ടുണ്ട്. നവംബർ ആദ്യ ആഴ്ച നടക്കുന്ന മീറ്റിംഗിൽ അംഗീകാരം ലഭിച്ചാലുടൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.